Tuesday, August 9, 2011

പുതുക്കിയ ബസ് ചാര്‍ജ് യാത്രക്കാര്‍ക്ക് താങ്ങാവുന്നതിനുമപ്പുറം.


കോഴിക്കോട്: പുതുക്കിയ ബസ് ചാര്‍ജ് യാത്രക്കാര്‍ക്ക് താങ്ങാവുന്നതിനുമപ്പുറം. സാധാരണക്കാരാണ് ഇത്തരത്തിലൊരു വര്‍ധനവിന്റെ സാഹചര്യത്തില്‍ വെട്ടിലായിരിക്കുന്നത്. മിനിമം ചാര്‍ജ് നാലില്‍നിന്ന് അഞ്ചായി വര്‍ധിച്ചപ്പോള്‍ തുടര്‍ന്നുള്ള ചാര്‍ജില്‍ മൂന്ന് രൂപ മുതല്‍ക്കാണ് നിലവിലെ ചാര്‍ജിനൊപ്പം യാത്രക്കാരന് നല്‍കേണ്ടി വരുന്നത്. കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരേയും കൂലിപ്പണിക്കാരേയുമെല്ലാം പരിഗണിക്കാതെയുള്ള വര്‍ധനവ് ശക്തമായ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. നിലവില്‍ രണ്ടര കിലോമീറ്റര്‍ ദുരപരിധി അഞ്ചു കിലോമീറ്ററായി കൂട്ടിയെന്നു പറയുന്നുണെ്ടങ്കിലും ഇതിന്റെ ഗുണങ്ങളൊന്നും തന്നെ യാത്രക്കാരന് ലഭിക്കുന്നില്ല. ബസ് ഉടമകള്‍ ചോദിച്ചത് സര്‍ക്കാര്‍ കൂട്ടി നല്‍കി എന്നതല്ലാതെ യാത്രക്കാരുടെ ഭാഗത്തു നിന്നു ചിന്തിക്കാതെയുള്ള ചാര്‍ജ് വര്‍ധനവല്ല ഇപ്പോഴത്തേതെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഞായറാഴ്ച അര്‍ധരാത്രി മുതലാണ് പുതുക്കിയ ചാര്‍ജ് വര്‍ധനവ് നിലവില്‍ വന്നത്. ഇന്നലെ രാവിലെ മുതല്‍ പുതുക്കിയ ചാര്‍ജ് വര്‍ധനവ് നല്‍കേണ്ടി വന്നപ്പോള്‍ പലര്‍ക്കും കൈപൊള്ളുന്ന അനുഭവമായിരുന്നു. തത്വത്തില്‍ ചാര്‍ജ് വര്‍ധനവ് മിനിമം ചാര്‍ജിനൊപ്പമെന്ന പ്രതീക്ഷ തെറ്റിക്കുന്നതാണ്. തത്വദീക്ഷയില്ലാത്ത ചാര്‍ജ് വര്‍ധനവിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. നാലാള്‍ കൂടുന്നിടത്ത് ചാര്‍ജ് വര്‍ധനവാണ് ചര്‍ച്ച. അതേസമയം ചാര്‍ജ് വര്‍ധനവ് ദീര്‍ഘ ദൂര ബസുകള്‍ക്ക് കനത്ത ആഘാതമായിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം തുടങ്ങിയ റൂട്ടുകളില്‍ യാത്രക്കാര്‍ കൂടുതലും ട്രെയിനിനെ ആശ്രയിച്ചപ്പോള്‍ ബസുകള്‍ പലതും ആളോഴിഞ്ഞാണ് ഓടേണ്ടിവന്നത്. ബസ് ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്നലെ നാലിന് മാവൂര്‍ റോഡ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ ഉപരോധ സമരം നടത്തി. ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. നാലിന് ബസ്സ്റ്റാന്‍ഡിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം കവാടമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപഭോക്തൃവേദി ഉപരോധിച്ചത്. അതിനിടയില്‍ ബസ് ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ പന്തീരാങ്കാവില്‍ നാട്ടുകാര്‍ ബസ് സര്‍വീസുകള്‍ തടഞ്ഞിരുന്നു.

1 comment: