Monday, August 8, 2011

ബൈക്ക് യാത്രികനെ റാഞ്ചി അഞ്ചുലക്ഷം കവര്‍ന്ന ആറംഗസംഘം പിടിയില്‍


ബൈക്ക് യാത്രികനെ റാഞ്ചി അഞ്ചുലക്ഷം കവര്‍ന്ന ആറംഗസംഘം പിടിയില്‍

മുക്കം: കറുത്തപറമ്പില്‍ ബൈക്ക് യാത്രികനെ റാഞ്ചി അഞ്ചു ലക്ഷം രൂപ കവര്‍ന്ന കേസിലെ ആറംഗസംഘം പൊലീസ് പിടിയിലായി. കഴിഞ്ഞ 19ന് കൊടുവള്ളി കിഴക്കോത്ത് മെലെചാലില്‍ അലി അഷ്‌റഫാണ് (39) കവര്‍ച്ചക്കിരയായത്. മാഹി പാറാല്‍ തട്ടാരത്ത് കുനിയില്‍ നിഖില്‍ (24), തട്ടാരത്തുകുനിയില്‍ നിജീഷ് (20), മാഹി ചാലക്കര മീത്തലെ കേളോത്ത് അഭിലാഷ് (24), ന്യൂമാഹി ചാലക്കര കൈലാസമന്ദിരം അരുണ്‍കുമാര്‍ (20), തലശ്ശേരി തിരുവങ്ങാട് കോടിയേരി മെട്ടേമ്മല്‍ ആഷിഷ് (23), ന്യൂമാഹി ചാലക്കര കൈലാസമന്ദിരം അനുരാഗ് (20) എന്നിവരെയാണ് കൊടുവള്ളി സി.ഐ എം.ഡി. സുനില്‍, കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംസ്‌ക്വാഡ് അംഗങ്ങളായ രാജീവ്ബാബു, വി.കെ. സുരേഷ്, എ.എസ്.ഐ അഗസ്റ്റിന്‍, മോഹന്‍ദാസ്, സീനിയര്‍ ഡി.പി.ഒമാരായ സതീഷ് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം തന്ത്രപരമായ നീക്കത്തിലൂടെ മാഹിയില്‍ നിന്ന് പിടികൂടിയത്. ഇതില്‍ നിഖില്‍ അടിപിടികേസിലും ആഷിഷ് വധശ്രമക്കേസിലും നേരത്തേ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കവര്‍ച്ചസംഘം സഞ്ചരിച്ച കെ.എല്‍ 58 സി. 7286 ടാറ്റാസുമോ പൊലീസ് കസ്റ്റഡിയിലാണ്. കറുത്തപറമ്പില്‍വെച്ച് അലി അഷ്‌റഫ് സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി കാറിലെടുത്തിട്ട് കത്തികാണിച്ച് പണംപിടിച്ചെടുത്ത ശേഷം അരീക്കോടിനടുത്ത ആലുക്കലില്‍ ഉപേക്ഷിച്ചെന്നായിരുന്നു പരാതി. ഇത് കുഴല്‍പ്പണമായിരുന്നോ എന്നകാര്യം പൊലീസ് അന്വേഷണത്തിലാണ്. മലപ്പുറം മോങ്ങത്തേക്ക് വാഹനം വാങ്ങാനായി കൊണ്ടുപോവുകയായിരുന്ന പണമാണ് കവര്‍ച്ചചെയ്തതെന്നാണ് പരാതിക്കാരന്‍ പൊലീസിന് നല്‍കിയ മൊഴി. കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് കേസന്വേഷണത്തിന് തുമ്പുലഭിച്ചത്. കാര്‍ തലശ്ശേരി സ്വദേശിയുടേതാണെന്നും പിടിയിലായവര്‍ കാര്‍ വാടകക്കെടുക്കുകയായിരുന്നുവെന്നും കണ്ടെത്തി. കവര്‍ച്ച നടത്തിയ അഞ്ചുലക്ഷം രൂപയില്‍ മൂന്നു ലക്ഷം രൂപയും, കത്തി തുടങ്ങിയ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
നാട്ടിലുണ്ടായ സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പിടിക്കപ്പെട്ടവര്‍ പറഞ്ഞതായും കഴിഞ്ഞ 12, 13, 14 തീയതികളില്‍ സംഘം ബാങ്ക് ജ്വല്ലറി പരിസരങ്ങളില്‍ നിരീക്ഷണം നടത്തി ഈ ഭാഗങ്ങളില്‍ കറങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ആറുപേരെയും റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment